Tuesday, December 8, 2009

ഓജോ വിപ്ലവം വിജയിക്കട്ടെ



വിപ്ലവമെന്നാല്‍ മാറ്റമാണ്. കണ്ണില്‍ കണ്ടതെല്ലാം 'വിപ്ലവിപ്പിച്ചു' കളയാനുള്ള വാശിയിലാണ് അധ്വാനിക്കുന്നവരുടെ സ്വന്തം ചാനല്‍. നാട്ടില്‍ കുഴിച്ചു മൂടാനുള്ളതിനെ കുഴിച്ചു മൂടുക; മൂടപ്പെട്ടതിനെ കിളച്ചെടുക്കുക. മമ്മൂക്കയും ബ്രിട്ടാസും വിപ്ലവത്തിന്റെ പുതുവഴികള്‍ തേടുമ്പോള്‍ പാവം സഖാക്കള്‍ വാപൊളിച്ചിരിക്കുകയാണ്. വൈജ്ഞാനിക വിപ്ലവത്തിനിടയില്‍ വലിച്ചെറിയപ്പെട്ട 'വാസ്തു' പൊടി തട്ടിയെടുത്ത് പ്രേക്ഷകര്‍ക്ക് വിളമ്പിക്കൊടുത്ത ചാനലിനോട് സഹതപിച്ചിരിക്കെ ആണ് 'ഓജോ ബോര്‍ഡിന്‍റെ' പ്രചാരക ശിരോമണി പത്മനാഭന്‍ ഡോക്ടരുമായുള്ള അഭിമുഖം കാണുന്നത്. ചോദ്യങ്ങളില്‍ എപ്പോഴെങ്കിലും, 'നമ്മള്‍ തമ്മില്‍' പരിപാടിയില്‍ ശ്രീ കണ്ഠ൯ നായര്‍ ചോദിച്ച രീതിയിലുള്ള ഒരു ചോദ്യമെങ്കിലും പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ജി മാധവന്‍ നായരെ ഇന്റര്‍വ്യു ചെയ്യുന്നതു പോലുള്ള ചോദ്യങ്ങള്‍ കേട്ട പാവം പ്രേക്ഷകരില്‍ നല്ലൊരു വിഭാഗം തെറ്റിദ്ധരിച്ചു പോയിട്ടുണ്ടാവും, ഇതും ശാസ്ത്രമാണെന്ന്!

ആത്മാക്കളെ (പ്രേതങ്ങള്‍ എന്ന് വിളിക്കുന്നത് പപ്പന്‍ ഡോക്ടര്‍ക്ക് ഇഷ്ടമല്ലത്രെ!) വിളിച്ചു വരുത്തി ഭാവിയും ഭൂതവും പ്രവചിക്കാമെന്നു കണ്ടു പിടിച്ചത് അമേരിക്കക്കാരാണത്രെ! പപ്പന്‍ ഡോക്റ്ററുടെ ഗുരു ഏതോ മരിച്ചു പോയ ആളുടെ ആത്മാവും. ആ ആത്മാവുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും മറ്റുമുള്ള ഇയാളുടെ 'ബഡായി' യാതൊരു ഉളുപ്പുമില്ലാതെ ലോകത്തോട്‌ വിളിച്ചു പറയാന്‍ സമയമനുവദിച്ചത് എന്തിനു വേണ്ടി ആയിരുന്നു എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയാല്‍ നന്ന്. ഇത് സത്യമാണെങ്കില്‍ അത് ഡമോണ്‍സ്ട്രെഷന്‍ ആയല്ല, ലൈവ് ആയിട്ടായിരുന്നു പ്രേക്ഷര്‍ക്ക് കാണിച്ചു കൊടുക്കേണ്ടിയിരുന്നത്. അതിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കാന്‍ അത്ര വലിയ ബുദ്ധിമുട്ടാണ് എന്ന് വിശ്വസിക്കുക പ്രയാസം തന്നെ ആണ്. കാരണം, വിലപ്പെട്ട അര മണിക്കൂര്‍ സമയമാണ് ഈ പരിപാടിക്ക് വേണ്ടി കൈരളി നീക്കി വെച്ചത്. ആ സമയത്ത് ഇത്തരം സാമൂഹ്യ വിപത്തുകളെ തുറന്നു കാട്ടുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍ അത് വിപ്ലവമായി മനസ്സിലാക്കാമായിരുന്നു.

എന്തിനായിരുന്നു കൈരളി ഇയാളെ ഇങ്ങനെ പ്രമോട്ട് ചെയ്തത്? 'ഓജോ' പഠിപ്പിച്ചു കൊടുക്കാന്‍ ഇയാള്‍ വാങ്ങിക്കുന്ന ആയിരത്തി അഞ്ഞൂറ് രൂപയില്‍ പാര്‍ട്ടിക്കോ ചാനലിനോ വിഹിതമുണ്ടാവും എന്ന് ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അവരെ എങ്ങിനെ കുറ്റപ്പെടുത്തും. പത്മനാഭന്‍ തന്നെ പറഞ്ഞത് ഇത്തരം പരിപാടികള്‍, കൂടുതല്‍ വിദ്യാര്‍ഥികള്‍ തന്‍റെ അടുത്ത് 'കോഴ്സ്' ചെയ്യാന്‍ എത്താന്‍ സഹായിക്കും എന്നാണ്. പെണ്‍കുട്ടികളാണ് മാനസികമായി പെട്ടെന്ന് പ്രലോഭിതരാവാന്‍ സാധ്യത എന്ന് തുറന്നു പറഞ്ഞ ഡോക്ടറുടെ മുമ്പില്‍ പുഞ്ചിരി ഉതിര്‍ത്ത ചോദ്യകര്‍ത്താവിനെ സമ്മതിക്കണം. ഓജോ ബോര്‍ഡിന്‍റെ മാഹാത്മ്യം ഇന്റര്‍വ്യൂവിലൂടെ ബോധ്യപ്പെടാത്തവരെ കീഴടക്കാനും ചാനല്‍ വഴി കണ്ടെത്തി. ആത്മാവിന്‍റെ അസര്‍പ്പക കഥകള്‍ പറഞ്ഞു കേട്ട നാല് വിദ്യാര്‍ഥികളെ നേരിട്ട് ഹാജരാക്കി കളഞ്ഞു വിപ്ലവ ചാനല്‍. അവരാവട്ടെ ആരും ഇതുവരെ ഓജോ ചെയ്തിട്ടില്ല. അമ്മയും അമ്മൂമ്മയും പറഞ്ഞു കൊടുത്ത കുറെ കെട്ടുകഥകള്‍ അവസാന പത്തു മിനുട്ടില്‍ കെട്ടഴിച്ചപ്പോള്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്ക് സായൂജ്യമായിക്കാണും. ഒരു വിദ്യാര്‍ഥിയോട് 'താങ്കള്‍ ഓജോ ചെയ്താല്‍ ആദ്യം വിളിക്കുക ഏത് ആത്മാവിനെ ആയിരിക്കും' എന്ന ഭക്തിപുരസ്സരമുള്ള ചോദ്യത്തിന് 'ഗാന്ധിജി' എന്ന മറുപടി കേട്ടപ്പോള്‍ അല്‍പ്പം ആശ്വാസമായി. കക്ഷി ഏതായാലും സഖാവ് അല്ലല്ലോ; പാവം ഗാന്ധിയനല്ലേ!

യുവതലമുറയിലെ ചാഞ്ചല്യങ്ങളെ തിരുത്തേണ്ട ഒരു മാധ്യമം ഇത്തരം പരിപാടികളുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ പ്രതികരിക്കാതെ അടങ്ങിയിരിക്കുന്ന വിദ്യാര്‍ഥി സഖാക്കള്‍ ഇനിയെങ്കിലും ഉണരണം. ചുരുങ്ങിയത്, പ്രോഗ്രാമിന്റെ ദാരിദ്ര്യം കൊണ്ടാണ് ഇങ്ങനെ ഉള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതെങ്കില്‍ പഴയ ലാത്തിചാര്‍ജ്ജുകളുടെ സിഡികള്‍ സ്റ്റുഡിയോയില്‍ എത്തിച്ചു കൊടുക്കുകയെങ്കിലും വേണം.

ഫ്രീകിക്ക്: പരിപാടി കണ്ട എന്‍റെ സഹമുറിയന്‍ തീര്‍ത്തു പറഞ്ഞു : 'ഓജോ സത്യമാവാനേ വഴിയുള്ളൂ. അല്ലെങ്കില്‍ കൈരളി ഈ പരിപാടി കാണിക്കില്ലായിരുന്നു.' - ഇത്തരം എത്ര പാവങ്ങള്‍ ഇപ്പോള്‍ പത്മനാഭന്‍റെ ഫോണ്‍ നമ്പര്‍ തെരയുന്നുണ്ടാവും!

29 അഭിപ്രായങ്ങള്‍:

  1. ഇദ്ദേഹവുമായി സംസാരിക്കുന്നുവെന്ന് പറയപ്പെടുന്ന ആത്മാക്കൾ വേറെ ജന്മമെടുത്തിട്ടില്ലേ ആവോ? അതോ ഗതികിട്ടാത്ത ആത്മാക്കളായി അലയുകയാണോ? പുനർജ്ജന്മം എടുത്തിട്ടുണ്ടെങ്കിൽ പിന്നെ ഈ ആത്മാക്കളെ ഒന്നും ഫ്രീ ആയി കിട്ടുകയില്ലല്ലൊ. അതോ ഇനി ഈ ആത്മാക്കളുമായി ചർച്ച നടത്തുന്നവർ പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നില്ലേ?
    ഇദ്ദേഹവുമായി അഭിമുഖം നടത്തിയതിൽ പ്രത്യേകിച്ച്‌ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല, പക്ഷെ ചോദ്യങ്ങൾ അദ്ദേഹത്തെ പൊക്കാൻ മാത്രം സഹായിക്കുന്ന തരത്തിലാണെങ്കിൽ, ടെസ്റ്റിമോണിയൽ അടക്കം ഒപ്പിച്ചിട്ടുണ്ടെങ്കിൽ, കഷ്ടം എന്നുമാത്രമേ പറയാനുള്ളു.

    ReplyDelete
  2. ഞാന്‍ റെസ്റ്റ് ഹൌസിലെ പാട്ടുകള്‍ ഓജോ ബോര്‍ഡിന്റെ സഹായത്തോടെ പൂര്‍വ്വികന്മാരോട് ചോദിച്ചിട്ടല്ലേ എഴുതുന്നത്. അതു സത്യം തന്നെ! നിനക്ക് കുശുമ്ബാ അല്ലെ? അതോ നീ വിളിച്ച് ഒരാത്മാവും വന്നില്ലെ? :)

    നല്ല പ്രതികരണം !

    ReplyDelete
  3. മാന്ത്രീക എലസുകളും , ദ്രിഷ്ടിദോഷ ലോക്കറ്റും , കുബേര താക്കോലും ഒക്കെ ചാനലുകള്‍ നന്നായി പ്രൊമോട്ട് ചെയ്യുന്നുണ്ട് ..ഭക്തി സീരിയലുകള്‍ വില്ലന്മാരും വില്ലത്തികളും , ഗൂഡ തന്ത്രങ്ങളും എല്ലാം ചേര്‍ത്ത് ഭക്തിക്കു പകരം മനസ്സിനെ മലീമസമാക്കുകയല്ലേ...
    നാട് മുന്നോട്ടോ പിന്നോട്ടോ വളരുന്നത്‌ ?

    ReplyDelete
  4. ഇതു പഠിപ്പിക്കുന്നവര്‍ക്കും പഠിച്ചവര്‍ക്കും കാണുന്നവര്‍ക്കും കണ്ടുകൂടാത്തവര്‍ക്കും ആര്‍ക്കും അറിയില്ലേ ouija board എന്നത് "ഓജോ" എന്നല്ല "വീജ ബോര്‍ഡ്" എന്നു വേണം ഉച്ചരിക്കാന്‍ എന്ന്?

    ഏതോ ഒരു മലയ്സാളം നിമയിലും ഇത് ഓജോ ഓജോ എന്ന് കേട്ടു.

    ReplyDelete
  5. എനിക്കറിയില്ലായിരുന്നു. ഇതുവരെ കേട്ടതൊക്കെ ഓജോ (ouija) എന്നാണ്.

    ReplyDelete
  6. ഓജോ ആയാലും വീജോ ആയാലും ഞാനും പഠിക്കാന്‍ പോവുകയാ.
    ജസ്റ്റീസ് കൃഷ്ണയ്യര്‍ക്ക് മാത്രം മതിയോ പരേതാത്മാക്കളുമായി സല്ലാപം?

    ReplyDelete
  7. kairaliyil mumpu vyaja siddhanmare kurichu charcha cheyyumpol thazhe atharakkarude parasyam 'flash' aayi ezhuthi ppokunnundayirunnu.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഇന്നലെ അമൃതാനന്ദമയി .. ഇന്ന് പപ്പന്‍ ഡോക്ടര്‍.... നാളെ ബെന്നി ഹിന്‍ . ആശയം കൊള്ളാം....

    ReplyDelete
  10. എന്റെ പോസ്റ്റിൽനിന്ന്‌

    അന്ധവിശ്വാസങ്ങൾക്കെതിരെ കുരിശ്ശുയുദ്ധവും അരിവാൾ യുദ്ധവുമൊക്കെ നടത്തിയിട്ടുള്ള കേരള എസ്‌.എഫ്‌.ഐ യുടെ പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന എ.കെ. ബാലനെപോലെയുള്ള ഒരു സഖാവ്‌ കൈനോട്ടം ഹോബിയാക്കിയാൽ എന്നെപോലെയുള്ള ഒരു സാദ പാർട്ടിവിശ്വാസിക്ക്‌ അത്‌ ചെറൂതായി കാണാൻ പറ്റുമോ? ആ വിശുദ്ധ കൈനോട്ടം! ഇപ്പോൾ ഞാനും വിശ്വാസിക്കുന്നു. കൈരേഖശാസ്ത്രം സത്യമാണ്‌ അതിൽ സത്യമുണ്ട്‌ ശാസ്ത്രമുണ്ട്‌, അതിൽ രേഖയുണ്ട്‌ ഭാവിയുണ്ട്‌, കയിലുള്ളത്‌ ബക്കറ്റിൽ ഇട്ടാൽ മതി, എനിക്ക്‌ ഭാവിയുണ്ട്‌ നിനക്കൊ?

    ReplyDelete
  11. ദീപു കുന്നന്‍കരDec 9, 2009 12:21 AM

    പറയേണ്ടത് തന്നെ ശ്രദ്ധേയന്‍. കാര്‍ട്ടൂണ്‍ ഇമേജ് അടിപൊളിയായി.

    ReplyDelete
  12. കാണാന്‍ ഒരു രസമില്ലാത്ത ഒരു മാല കെട്ടിയാല്‍ ബുദ്ധിയും, ശക്തിയും കിട്ടുമെന്ന് കൈരളി പീപ്പിള്‍ പറയുന്നതായി നാലര വയസ്സുകാരി മകളാണ്‌ എന്നോട് പറഞ്ഞത്. ശനി ഭഗവാന്റെ ശക്തി സമ്പാദനത്തിനായി ഏലസ്സു കെട്ടുന്നതിനെറ്റെ മഹത്വത്തെക്കുറിച്ച് Telebrand- ന്റെ പേരില്‍ വരുന്ന പരസ്യത്തെക്കുറിച്ച് കൈരളിയില്‍ വിളിച്ച്,കൈരളിയെപ്പോലെയ്ള്ള ഒരു ചാനലില്‍ നിന്ന്‌ ഇതല്ല പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍, കിട്ടിയ മറുപടി ഇതായിരുന്നു.
    Telebrand- ന്റെ പരസ്യം മൊത്തമായിട്ടണ്‌ കിട്ടാറ്. അതുകോണ്ട് തന്നെ അതിലെ ഒരു പരസ്യം മാത്രമായിട്ട് ഒഴിവാക്കാനാവില്ല. അതിനാല്‍ പരിഹാരമായി കൈരളിയില്‍(പീപ്പിളിലല്ല) ഇത്തരത്തിലുള്ളവ കൊടുക്കാറില്ലെന്നുമാണ്‌.
    വിരോധാഭാസമെന്തെന്നാല്‍ കൈരളി തന്നെ അഴിച്ചുപണി എന്നൊരു പ്രൊഗ്രാം നടത്തുന്നു എന്നുള്ളതാണ്‌, അതില്‍ മാധ്യമ സദാചാരത്തെക്കുറിച്ച് വല്ലാതെ വേവലാതിപ്പെടുന്നെ എന്നുള്ളതാണ്‌. ഇതിനായി അഴിച്ചുപണി നടത്തുന്ന എന്‍ .പി യേയും ബന്ധപ്പെട്ടിരുന്നു. പക്ഷെ അത് തന്റെ വിഷയമല്ല എന്ന നിലപാട് ആണ്‌ അദ്ദേഹം സ്വീകരിച്ചത്.
    അറ്റ്ലസ് രാമചന്ദ്രന്റെ പരസ്യം ഏഷ്യാനെറ്റില്‍ നിന്നു അപ്രത്യക്ഷമായ സാഹചര്യം കൂടെ ചേര്‍ത്തുവായക്കുക.

    ReplyDelete
  13. വളരെ ശ്രദ്ധേയമായ എഴുത്ത്..

    ReplyDelete
  14. depasthambham mahascharyam namukkum kittanam panam athra thanne

    ReplyDelete
  15. ശ്രദ്ധേയന്‍ പറയേണ്ടത് പറഞ്ഞു.....

    ReplyDelete
  16. ithu thanney alle vijayan mash paranja mooladhanathinte rashtreyam.......

    ReplyDelete
  17. പോസ്റ്റ് നന്നായി.

    ReplyDelete
  18. നല്ല നിരീക്ഷണം.

    ReplyDelete
  19. പ്രതികരിച്ച എല്ലാവര്ക്കും നന്ദി. പുതിയ പോസ്റ്റ്‌ ഉമിക്കരി

    ReplyDelete
  20. മീഡിയാ സ്കാനും തുടങ്ങി ഇല്ലേ

    ReplyDelete
  21. ഒരു ചാനലിന്റെ വിപ്ലവം-
    തകരുന്നത് തകർന്നുകൊണ്ടിരിക്കുന്ന സമൂഹമം

    ReplyDelete
  22. ഓജോ ബോര്‍ഡ് ... ഞാനും കളിച്ചിട്ടുണ്ടേ

    ReplyDelete
  23. ഓജോ ബോര്‍ഡ് ... ഞാനും കളിച്ചിട്ടുണ്ടേ

    ReplyDelete
  24. ഇവിടെ കമന്റെഴുതിയാൽ ഓജാത്മാക്കൾ പിടികൂടുമോ?

    ReplyDelete
  25. പോസ്റ്റിപോഴാണ് കണ്ടത്, ഞാന്‍ കമന്റുകളിലൂടെയൊന്ന് പോകുകയായിരുന്നു; പ്രതീക്ഷിച്ചതുപോലെതന്നെ പലരും ഇല്ല ;)

    അല്ലെങ്കിലും അമ്മായിയമ്മാക്ക് അടുക്കളയിലും ആവാം എന്നാണല്ലോ!

    ReplyDelete
  26. പരിപാടി കണ്ട എന്‍റെ സഹമുറിയന്‍ തീര്‍ത്തു പറഞ്ഞു : 'ഓജോ സത്യമാവാനേ വഴിയുള്ളൂ. അല്ലെങ്കില്‍ കൈരളി ഈ പരിപാടി കാണിക്കില്ലായിരുന്നു.' - ഇത്തരം എത്ര പാവങ്ങള്‍ ഇപ്പോള്‍ പത്മനാഭന്‍റെ ഫോണ്‍ നമ്പര്‍ തെരയുന്നുണ്ടാവും!

    അതെ അതെ സത്യമാവാനെ വഴിയുള്ളൂ അല്ലങ്കില്‍ കൈരളിയില്‍ കാണിക്കില്ല സത്യം മാത്രമേ അതില്‍ കാണൂ... :(

    ReplyDelete
  27. ഓജോ ബോര്‍ഡ് ഒരു അന്ധവിശ്വാസമല്ല. അത് ആത്മാക്കളുമായി ബന്ധപ്പെടാന്‍ നമ്മുടെ മഹര്‍ഷിവര്യന്മാര്‍ നിരന്തര അന്വേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത തികച്ചും ഭാരതീയമായിരുന്ന ഒരു കണ്ടുപിടുത്തമായിരുന്നു. ഭാരതത്തിന് അതിന്റെ സംസ്കൃതികള്‍ പോക്കറ്റടിച്ചു പോയപ്പോള്‍ ഈ വിജ്ഞാനവും നഷ്ടമായതാണ്.

    ReplyDelete

Related Posts Plugin for WordPress, Blogger...

ShareThis

കൂടെയുള്ളവര്‍