Tuesday, January 17, 2012

മുണ്ടുരിയപ്പെട്ട സമുദായവും മിണ്ടാട്ടം മുട്ടിയ സമുദായപാര്‍ട്ടിയും


'ഞങ്ങടെ പോലീസ്‌ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോങ്കറസേ'യെന്ന പഴയ മുദ്രാവാക്യത്തിന് 'ഞമ്മളെ മെയില് ഞമ്മള് ചോര്‍ത്ത്യാ ഇങ്ങക്കെന്താ മാര്‍ക്കിസ്റ്റേ'യെന്ന പരിണാമം രൂപപ്പെട്ടു വരുന്നുവെന്നാണ് മാധ്യമം വാരിക പുറത്തു വിട്ട മെയില്‍ ചോര്‍ത്തല്‍ സംഭവത്തിന്‍റെ ഭാഗമായി വരുന്ന ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം പ്രമുഖരടക്കമുള്ള 258 പേരുടെ ഈ മെയില്‍ വിലാസങ്ങള്‍ പോലീസ്‌ നിരീക്ഷിക്കുന്നുവെന്നും ലോഗിന്‍ വിവരങ്ങള്‍ പോലും ശേഖരിച്ചുവെന്നുമുള്ള വെളിപ്പെടുത്തല്‍ കേരളീയ പൊതുസമൂഹത്തില്‍ വലിയ ഞെട്ടലുകള്‍ ഉളവാക്കിയെങ്കിലും, മുഖ്യധാരാ മാധ്യമങ്ങളോ ഈ സംഭവത്തിന്റെ ഇരകളായ മുസ്ലിംകളുടെ അഭിമാനത്തിന്റെ അടിയാധാരം കൈവശപ്പെടുത്തിയ മതസംഘടനകളോ ഞെട്ടുക പോയിട്ട് ഒന്ന് ഇമ വെട്ടുക പോലും ചെയ്യാതെ മസില് പിടിച്ചിരിക്കുന്ന കാഴ്ചയാണ് കേരള പോലീസിന്റെ ഈ ഉടുമുണ്ട് പൊക്കലിനേക്കാള്‍ അശ്ലീലമായി അനുഭവപ്പെടുന്നത്. 

വാര്‍ത്ത പുറത്തു വന്ന നിമിഷം തന്നെ പ്രതികരണത്തിന്റെ ഹോര്‍മോണ്‍ നശിച്ചുപോകാത്ത കുറച്ചു സംഘടനകളും, സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകളിലൂടെ കുറെ വ്യക്തികളും പ്രതിഷേധവുമായി രംഗത്തെത്തിയെന്നത്‌ സത്യം. മുമ്പ്‌ ലൌ ജിഹാദില്‍ കുരുങ്ങി വിവാദ പ്രസ്താവന നടത്തിയ വീ എസെടക്കം പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. പ്രശ്നത്തില്‍ പൊതുസമൂഹത്തിന്റെ പള്‍സ് തൊട്ടറിയാന്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട്‌ ഫേസ്ബുക്കില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട ഒരേയൊരു ദൃശ്യമാധ്യമം ഇന്ത്യാവിഷനാണ്. അവരുടെ ഫേസ്‌ബുക്ക്‌ പേജിലടക്കം അര്‍ഹമായ പ്രാധ്യാന്യത്തോടെ വിഷയാധിഷ്ടിത പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുമുണ്ട്. സമസ്തയ്ക്കും മുജാഹിദുകള്‍ക്കും നമസ്കാരത്തിനും നോമ്പിനുമപ്പുറമുള്ളതെല്ലാം 'ഇഹലോക'കാര്യങ്ങളായാതിനാല്‍ അവരീ വിവാദത്തില്‍ കക്ഷി ചേര്‍ന്നു കൊള്ളണമെന്നില്ല. എന്നാലിവിടെ മറ്റൊരു കൂട്ടരുണ്ടല്ലോ, സമുദായ പാര്‍ട്ടിക്കാര്‍. അവരുടെ ഒരു ലോകസഭാംഗമടക്കം നിരവധി ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും ഈ-മെയിലുകള്‍ നിരീക്ഷണ വിധേയമാക്കി കൊണ്ടിരിക്കുന്നുവെന്ന് കേട്ടപ്പോഴെങ്കിലും ഒന്ന് ഞെട്ടേണ്ടേ? അല്ലെങ്കില്‍ ഞെട്ടിയെന്ന് വരുത്തേണ്ടേ? എവിടെ! കോഴിക്കോട്ടെ ലീഗ് ഹൗസ്‌ തന്നെ ജപ്തി ചെയ്തു കൊണ്ടു പോയാലും ആ കാന്റീന്‍ അവിടെ വെക്കണേയെന്ന മനോഭാവക്കാര്‍ക്ക് ഈമെയില്‍ ചോര്‍ത്തിയാലെന്ത്‌, ആ മെയില്‍ ചോര്‍ത്തിയാലെന്ത്‌!

അല്ലെങ്കിലും ഇവരെപ്പോഴാണ് സമുദായത്തോടൊപ്പം നിന്നിട്ടുള്ളത്? പണ്ട് പണ്ട് ഒരു ബാഫഖി തങ്ങളും സീഎച്ചും ജീവിച്ചിരുന്നുവെന്ന് കരുതി കുഞ്ഞാലിക്കുട്ടിയുടെ ആസനത്തില്‍ തഴമ്പ് കാണണമെന്നില്ലല്ലോ. കൃത്യമായി പറഞ്ഞാല്‍ ബാബരി മസ്ജിദ്‌ തകര്‍ച്ചക്ക്‌ ശേഷം ഹൈക്കമാണ്ടിന്റെ അടുക്കളയിലെ പൂച്ചക്കുട്ടിയായി കുണുങ്ങിക്കഴിയാനല്ലാതെ ഇവര്‍ക്ക് സാധിചിട്ടുണ്ടോ? ഉറങ്ങിക്കിടക്കുന്ന സിംഹമാവാന്‍ പോയിട്ട് ആണത്തമുള്ളൊരു കണ്ടന്‍ പൂച്ചയാവാന്‍ പോലും കഴിയാത്തവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതാണ് തെറ്റ്! കോണ്‍ഗ്രസ്സിനോടുള്ള വിധേയത്വമോ അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയോ കാരണം സ്വന്തം വോട്ടു ബാങ്കിനോടുള്ള കടപ്പാട് പോലും ഇക്കൂട്ടര്‍ പലപ്പോഴും മറന്നു കളഞ്ഞുവന്നതാണ് സത്യം. 

ബാബരി മസ്ജിദിന്‍റെ പേര് പറയുമ്പോഴേക്കും 'കേരളത്തെ വര്‍ഗീയ കലാപങ്ങളില്‍ നിന്നും രക്ഷിച്ചെടുത്ത' കള്ളക്കഥ പറഞ്ഞു തടി തപ്പാനാവും ലീഗുകാരുടെ എപ്പോഴുമുള്ള ശ്രമം. അമിതമായ വ്യക്തി സമ്മര്‍ദങ്ങള്‍ക്ക് പലപ്പോഴും അടിയറവ് പറയേണ്ടി വന്നെങ്കിലും കേരള പൊതുസമൂഹത്തിന്റെ മൊത്തത്തിലുള്ള ആദരവ് പിടിച്ചു പറ്റിയ നേതാവ് തന്നെയായിരുന്നു ശിഹാബ്‌ തങ്ങള്‍. പക്ഷെ, ബാബരി തകര്‍ച്ചയുടെ കാലത്ത് കേരളത്തിലൊരു ബോംബെ ആവര്‍ത്തിക്കാതെ പോയത്‌ ശിഹാബ് തങ്ങളുടെ ആഹ്വാനം കൊണ്ടാണെന്ന് പ്രചരിപ്പിക്കുന്നവര്‍ കേരള മുസ്ലികളില്‍ ബോധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന ആരോപണം ഇവരൊക്കെയും തൊണ്ണൂറ്റി രണ്ടു ഡിസംബര്‍ ആറു മുതല്‍ കണ്ണില്‍ കണ്ട ഹിന്ദു സഹോദരന്മാരെ മുഴുവന്‍ ചുട്ടു ചാമ്പലക്കാന്‍ നില്‍ക്കുന്നവരാണെന്നത് തന്നെയാണ്. അക്രമണോത്സുകരായി നില്‍ക്കുന്നവരോടല്ലാതെ സമാധാനത്തിന് ആഹ്വാനം ചെയ്യേണ്ടതില്ലല്ലോ! എന്നാല്‍ സത്യമെന്തായിരുന്നു? കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെ എവിടെയെങ്കിലും വല്ല അക്രമ പ്രവര്‍ത്തങ്ങളും അരങ്ങേറിയിരുന്നുവെങ്കില്‍ തന്നെ അതിലെ ഒരു കക്ഷി ലീഗുകാര്‍ മാത്രമായിരുന്നു. അവരൊക്കെയും ശിഹാബ്‌ തങ്ങളുടെ പ്രസ്താവന കേട്ട് ആയുധം താഴെ വെച്ചിട്ടുമുണ്ടാവാം. അല്ലാതെ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും ആത്മസംയമനം പാലിച്ചത് കേരളീയ സംസ്കാരത്തില്‍ നിന്നും അവര്‍ ആര്‍ജിച്ചെടുത്ത സഹിഷ്ണുതയുടെ പാഠങ്ങള്‍ ഒന്നുകൊണ്ടു മാത്രമായിരുന്നു.

ഈ പ്രചാരണം, കേരള മുസ്‌ലിം പുരോഗതിയുടെ കാരണം മുസ്‌ലിം ലീഗാണെന്ന മറ്റൊരു കള്ളപ്രചരണത്തിന്‍റെ രണ്ടാം ഭാഗമാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന്‌ പുറത്തു ജന്മം കൊണ്ട്, ഞാന്‍ നേരത്തെ പറഞ്ഞ ഉത്കൃഷ്ടമായ കേരളീയ സാംസ്കാരിക ഭൂമികയുടെ പ്രകൃതം കൊണ്ട് പച്ച പിടിക്കാന്‍ കഴിഞ്ഞ, ആശയപരമായ അപചയത്താല്‍ മലബാറില്‍ മാത്രം ഒതുക്കപ്പെട്ട സ്വന്തം ചരിത്രത്തെ കളവു കൊണ്ട് വ്യഭിചരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മത്തു പിടിച്ച അധികാരക്കണ്ണുകള്‍ സ്വന്തം പാളയത്തിലുള്ളവരുടെ തെറ്റുകള്‍ ശരിയായി മാത്രമേ കാണൂവെന്നത് ഇന്നുവരെയുള്ള മനുഷ്യചരിത്രം തന്നെയാണ്. മുസ്‌ലിംകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വ്യാജ ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും അനേകം നടക്കുമ്പോഴും കോണ്‍ഗ്രസ്സിനെ പിണക്കാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. അപവാദമായി കണ്ടത്‌ ബട്ട്‌ല വ്യാജ ഏറ്റുമുട്ടലില്‍ മുനീര്‍ നടത്തിയ പ്രതികരണം മാത്രമാണ്. അതില്‍ പോലും ഒരു പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തുവെന്നതിനപ്പുറം ഒരു സമ്മര്‍ദ ശക്തിയായി ന്യായം നേടിയെടുക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിട്ടുമില്ല. മറ്റു സംഭവങ്ങളിലൊക്കെയും വേട്ടക്കാരനോപ്പം കുതിക്കുകയും ഇരയോടൊപ്പം കിതക്കുകയും ചെയ്യുന്ന അപഹാസ്യമായ സമീപനമാണ് ഇവരില്‍ നമുക്ക്‌ ദര്‍ശിക്കാനാവുന്നത്. പരിവാര ഫാഷിസ്റ്റുകള്‍ ഭീ എന്ന് പറയുമ്പോഴേക്കും ഭീകരനെന്ന് ഏറ്റുവിളിക്കാന്‍ ഷാജി - മുനീര്‍ കൂട്ടുകെട്ട് നടത്തിയ മത്സരത്തിന്റെ ഫലം തന്നെയാണ് ലൌ ജിഹാദും ഈ-മെയില്‍ നിരീക്ഷണവുമൊക്കെയെന്നു പറയാതെ വയ്യ.

ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ സമുദായത്തിന്‍റെ അക്കൗണ്ടില്‍ അധ്യാപക കൊലപാതകം വരെ ചെയ്തവര്‍, സ്വന്തം നേതാക്കളെ വരെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നത് കണ്ടിട്ടും മിണ്ടാതിരിക്കുന്നത് അധികാര ലഹരിയില്‍ ആറാടുന്നത് കൊണ്ടല്ലാതെ മറ്റെന്താണ്! പ്രതിപക്ഷത്തു നില്‍ക്കുമ്പോള്‍ കിട്ടുന്ന കച്ചിത്തുരുമ്പ് പോലും സമുദായവല്ക്കരിച്ച് കമ്പക്കയരാക്കി മാറ്റിയവരുടെ നാവിറങ്ങിപ്പോവുന്നത് എന്തുകൊണ്ടാണ്? അമേരിക്കക്ക് കേരളീയ മുസ്‌ലിം 'തീവ്രവാദികളുടെ' ഇല്ലാക്കഥകള്‍ പാടിക്കൊടുത്ത മുനീര്‍ സാഹിബിന് ഈ-മെയില്‍ ചോര്‍ത്തലിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയുമോ? ഫാഷിസ്റ്റ്‌ - മീഡിയകള്‍ക്ക് മുഴുപ്പേജ് വാര്‍ത്തകള്‍ വിളമ്പുമ്പോള്‍ ഷാജി ഓര്‍ത്തിരുന്നോ സ്വന്തം പാര്‍ട്ടിക്കാരെ തേടിയും ചെന്നായിക്കൂട്ടം വരുമെന്ന്? ഇല്ലായെങ്കില്‍ ഇനിയെങ്കിലും ചിന്തിക്കണം. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങി മരവിച്ചു പോയ ഒരു സമുദായത്തിന്റെ ഗദ്ഗദം കേള്‍ക്കണം. ലോക ഭീകരന്‍ ഇസ്രായേലിന് കിടക്ക വിരിക്കുന്ന മന്മോഹന്റെ കൈക്ക് പിടിക്കണം. പ്രവര്‍ത്തക സമ്മര്‍ദം സഹിക്കവയ്യാതെ നാളെയോ മറ്റന്നാളോ ലീഗ് ഹൗസില്‍ യോഗം ചേര്‍ന്നാല്‍ ഏശാതെ പോയ ലൌ ജിഹാദും ഇസ്രായേലിന്റെ എംബസി തുറക്കലും ഈ മെയില്‍ മോഷണവുമൊക്കെയൊന്നു ചര്‍ച്ചിക്കണം. ഒടുവില്‍ തീരുമാനം 'തങ്ങള്‍ക്ക് വിടാതെ' ഈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ ചെവിക്കു പിടിച്ച് പുറത്തു കൊണ്ടു വരണം. അല്ലെങ്കില്‍ നാളെ പാര്‍ട്ടി ആപ്പീസിന്റെ കാന്റീനടക്കം ഇവന്മാര്‍ ജപ്തി ചെയ്തു പോവും!

Tuesday, January 3, 2012

ദര്‍ശന: മാറ്റത്തിന്റെ കാഴ്ചയും കാഴ്ചപ്പാടും


പണ്ട് സ്കൂള്‍ പഠന കാലത്ത് ഒരു വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം എന്റെ പ്രദേശത്ത് വന്ന തെരുവ് നാടക സംഘത്തിന് സ്വീകരണമൊരുക്കിയത്തിന് മദ്രസയിലെ മുസല്യാര്‍ ശകാരിച്ചത് അങ്ങാടിയില്‍ വെച്ച് തന്നെയായിരുന്നു. ഇസ്ലാമിന് നിരക്കാത്ത കാര്യത്തിന് കൂട്ടുനിന്നവനെന്നായിരുന്നു എനിക്കു നല്‍കിയ വിശേഷണം! കാലങ്ങള്‍ക്കിപ്പുറം നാടകവും മുസല്യാരും ശകാരവുമൊക്കെ ഓര്‍മിച്ചെടുത്തത്‌ സുന്നീ യാഥാസ്തിക വിഭാഗം നിയന്ത്രിക്കുന്ന ദര്‍ശന ചാനലിലെ പ്രോഗ്രാമുകളുടെ പ്രോമോ കണ്ടപ്പോഴാണ്. സീരിയലും മെഗാസീരിയലും ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയുള്ള സംഗീത പരിപാടികളുമൊക്കെ മുസ്ലിം യാഥാസ്തികരെന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഒരു കൂട്ടരുടെ ഭാഗത്ത്‌ നിന്നും അവതരിപ്പിക്കപ്പെടുന്നുവെന്നത് അത്ഭുതകരവും അതിലേറെ പ്രോത്സാഹനജനകവുമായ അനുഭവമാണ്. 

മുസ്ലിം ജനവിഭാഗത്തില്‍ പാരമ്പര്യവാദത്തിന്റെ കടുംപിടുത്തത്താല്‍ കലയേയും സംഗീതത്തെയും ആധുനിക മാധ്യമങ്ങളെയും നിഷിദ്ധമാക്കി നിലനിന്നു പോന്ന സമൂഹമാണ് സുന്നികളും മുജാഹിദുകളും. നവോഥാന ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ ജമാഅത്തെ ഇസ്ലാമി മാത്രമാണ് ഈ മാധ്യമങ്ങളെ ഇത്രയും കാലം ചെറുതായെങ്കിലും ക്രിയാത്മകമായി ഉപയോഗിച്ചു പോന്നിട്ടുള്ളത്. എന്നാല്‍, അവര്‍ പോലും ചാനല്‍ രംഗത്ത്‌ സജീവമാകും മുമ്പ്‌ പിന്തിരിപ്പന്മാരെന്നു അപഹസിക്കപ്പെട്ട ഒരു വിഭാഗം ഉജ്വലമായ ഇച്ഛാശക്തിയോടെ ഇങ്ങനെയൊരു സംരംഭവുമായി ഇറങ്ങിത്തിരിച്ചുവെന്നത് കേരള മുസ്ലിം നവോഥാന ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെടുമെന്നതില്‍ സംശയമില്ല. സുന്നികളിലെ മറ്റൊരു പ്രബലവിഭാഗത്തിന്റെ നിശിതമായ വിമര്‍ശനങ്ങളെ തൃണവല്‍ക്കരിച്ച്, സ്വന്തം പാളയത്തിലെ വിമര്‍ശകരെ പോലും തന്ത്രപൂര്‍വം അനുനയിപ്പിച്ച് ഏറ്റെടുത്ത ദൌത്യം ഇക്കഴിഞ്ഞ പുതുവര്‍ഷസായാഹ്നത്തില്‍ യാഥാര്‍ത്യമാക്കുവാന്‍ ഈ യുവസമൂഹം കാണിച്ച  നിശ്ചയദാര്ഢ്യത്തെ പ്രകീര്‍ത്തിക്കാതെ വയ്യ. പ്രൊഫഷണലിസത്തിന്റെ സര്‍വസന്നാഹങ്ങളും കൈയ്യിലുണ്ടായിരുന്നിട്ടും കാലത്തോടൊപ്പം മാറാതെ പോയ കടുംപിടുത്തങ്ങളില്‍ പെട്ട് മുടിയും മുടിവെള്ളവും മുടിപ്പള്ളിയുമായി പൗരോഹിത്യ സിംഹാസനത്തില്‍ മയങ്ങിക്കിടന്നവരെ മലര്‍ത്തിയടിച്ച് പിമ്പേ ഇഴഞ്ഞവര്‍ ജയിച്ചു കയറുന്ന കാഴ്ചയുടെ പേരാണ് ദര്‍ശനാ ചാനല്‍.


സ്ത്രീകളുടെ കൈയ്യെഴുത്ത്, ഇംഗ്ലീഷ്‌ ഭാഷാ പഠനം തുടങ്ങിയ 'നിഷിദ്ധങ്ങളെ' ഹലാലാക്കാന്‍ സുന്നീ സമൂഹം വര്‍ഷങ്ങളെടുത്തുവെങ്കിലും പ്രസ്തുത മേഖലകളില്‍ വ്യക്തമായ കുതിച്ചു ചാട്ടം നടത്താന്‍ അവര്‍ക്ക് ചെറിയ കാലഘട്ടമേ വേണ്ടി വന്നുള്ളൂ. അപ്പോഴും ചിത്രരചന, അഭിനയം, സ്ത്രീകളുടെ പൊതുരംഗ പ്രവേശം, സംഗീതം തുടങ്ങിയ മേഖലകളില്‍ മതപരമായ കടുംപിടുത്തം തുടര്‍ന്നിരുന്നു. നവോഥാന വിഭാഗങ്ങളുമായി വേദി പങ്കിട്ടുവെന്ന് ആരോപണമുയര്‍ത്തി  സുന്നീ ആധികാരിക സംഘടന വിട്ടു പോയ കാന്തപുരം മുസല്യാര്‍ നേതൃത്വം നല്‍കുന്ന വിഭാഗമാണ് ഈ രംഗങ്ങളില്‍ കൂടുതല്‍ കാര്‍ക്കശ്യം പുലര്‍ത്തി വന്നത്. മുസ്ലിം ലീഗിലൂടെ സ്ത്രീജന പൊതുരംഗ മേഖലയിലും സത്യധാര ക്രിയേഷനിലൂടെ അഭിനയ - സംഗീത മേഖലയിലും വളരെ മുമ്പേ തന്നെ സമസ്ത ഈ കെ വിഭാഗം നിലപാട് മാറ്റത്തിന്റെ കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നു. എങ്കില്‍ പോലും പ്രശസ്ത സിനിമാ - സീരിയല്‍ നടീനടന്മാരെ തന്നെ ഉള്‍പ്പെടുത്തിയുള്ള മെഗാ സീരിയലുകളും സിനിമാ - മാപ്പിള ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സംഗീത പരിപാടികളുമൊക്കെയായി ദര്‍ശന സംപ്രേക്ഷണം ആരംഭിക്കുമ്പോള്‍ ഇത്രയ്ക്ക് ആധുനികരാവാണോയെന്നു ചിന്തിക്കുന്ന വലിയൊരു വിഭാഗവും അവരില്‍ തന്നെയുണ്ടെന്നതാണ് വാസ്തവം. ആ വിഭാഗത്തെ കൂടി ചിന്താപരമായ പുരോഗതിയുടെ പാതയില്‍ കൂടെ നടത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ദര്‍ശനയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് വിജയിപ്പിച്ചെടുക്കാനുള്ളത്.


വിമര്‍ശങ്ങള്‍ ഇഴകീറി പരിശോധിക്കെപ്പെടേണ്ട വിധം ഗൌരവകരമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനയില്‍ തന്നെ അവയുടെ യുക്തിരാഹിത്യം ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. മ്യൂസിക്കും സ്ത്രീ ശബ്ദവും നിഷിദ്ധമാക്കിയവര്‍ തന്നെയായിരുന്നു കേരളത്തില്‍ ഇന്നോളമിറങ്ങിയ മാപ്പിളപ്പാട്ടുകളുടെ ആസ്വാദകരും പ്രോല്സാഹകരും എന്ന വസ്തുത ഇത്തരുണത്തില്‍ വിസ്മരിച്ചു കൂടാ. ഫാത്തിമയും ഹാജറയും ചരിത്രത്തെ വികലമാക്കി ഒപ്പന ചുവടുമായി ടെലിവിഷന്‍ സ്ക്രീനില്‍ വന്നപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതും ഇതേ ആളുകള്‍ തന്നെയായിരുന്നു. അഥവാ, അനിസ്ലാമികമെന്നു ഫത് വ നല്‍കാന്‍ മാത്രം അബദ്ധജടിലമായ ആശയങ്ങളും ആവിഷ്കാരങ്ങളും ആസ്വാദനത്തിന്റെ പേര് പറഞ്ഞ് നെഞ്ചേറ്റിയവര്‍ പക്ഷെ, പുരോഗമന ഇസ്മിലാക പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ അതിര് ലംഘിക്കാത്ത സംഗീതോപകരണ അകമ്പടിയോടെ സംവിധാനിക്കപ്പെട്ട ഗാനങ്ങളും, അതിരടയാളങ്ങള്‍ പരമാവധി പാലിക്കപ്പെട്ട നാടകങ്ങളും ടെലി സിനിമകളും നിഷിദ്ധമെന്ന് മുദ്രകുത്തി പടിയടച്ച് പിണ്ഡം വെക്കാന്‍ മത്സരിക്കുകയായിരുന്നു. അതിരില്ലാത്ത ആസ്വാദനത്തിന് ധാര്‍മികതയുടെ അതിരുകള്‍ നിശ്ചയിച്ച് ബദലുകള്‍ സൃഷ്ടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കലയിലും ദൃശ്യ മാധ്യമങ്ങളിലും ഇടപെടുന്നതോടെ മത സംഘടനകള്‍ ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ വിമര്‍ശകര്‍ മനസ്സിലാക്കേണ്ടത്‌. 

ദഫും കോല്‍ക്കളിയും കുത്ത് റാത്തീബും മാത്രം മാപ്പിളമാരുടെ ഹലാലാക്കപ്പെട്ട കലാരൂപങ്ങളായി കൊട്ടിഘോഷിക്കപ്പെടണമെന്ന നിര്‍ബന്ധബുദ്ധിക്കാര്‍ തെരുവ് - എല്‍സിഡി പാതിരാ പ്രഭാഷങ്ങളില്‍ നവോഥാന പ്രസ്ഥാനങ്ങളെ അപഹസിച്ചും പരിഹസിച്ചും മുന്നേറിയത് ചരിത്രമാണ്. ഒരുകാലത്ത് ജീവികളുടെ ചിത്രം വരയെ പോലും എതിര്‍ത്തവര്‍ പിന്നീട് സ്വന്തമായിറക്കിയ കുട്ടികളുടെ മാസികകളില്‍ രാജുവിനും രാധയ്ക്കും തട്ടവും തൊപ്പിയും അണിയിച്ച് പേര് മാറ്റി മതത്തില്‍ ചേര്‍ക്കുന്ന വിരോധാഭാസവും ഇതിനിടയില്‍ അരങ്ങേറി. ഫോട്ടോ പോലും ഹറാമാക്കിയവര്‍ക്ക് നാല് ക്യാമറകളും രണ്ട് എല്‍സിഡി സ്ക്രീനുകളുമില്ലാതെ പ്രഭാഷണം നടത്താന്‍ വയ്യെന്നായി. ഒടുവില്‍ കാലത്തിന്റെ വിളിക്ക് ഉത്തരമേകി അവരില്‍ നിന്ന് തന്നെ 'കുഞ്ഞായിന്‍ മുസല്യാരും മങ്ങാട്ടച്ചനും' മിനി സ്ക്രീനേറി. കഥാപ്രസംഗ വേദിയില്‍ 'കര്‍ബലയിലെ രക്തക്കളം' അവതരിപ്പിച്ചാല്‍ 'റംലാ ബീഗത്തിന്റെ രക്തക്കളം' ഉണ്ടാവുമെന്ന പഴയ ഭീഷണി അവര്‍ ഓര്‍ത്തെടുക്കുന്നത് ഇതേ ചാനലിലൂടെ കേരളം കാണുക കൂടി ചെയ്തപ്പോള്‍ പരിണാമം പൂര്‍ണമായി! 


ദര്‍ശന ചാനലിലെ പരിപാടികളില്‍ വ്യത്യസ്തതയുണ്ട്. എങ്കിലും 'കാഴ്ചയുടെ സുകൃത'മെന്ന ടൈറ്റിലിനോട് നീതി പുലര്‍ത്തണമെങ്കില്‍ ഇതിന്റെ പിന്നണിയിലുള്ളവര്‍ ഇനിയും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിങ്ങളീ നടത്തിയ വിപ്ലവം തുല്യതയില്ലാത്തതാണ്. നേരത്തെ പറഞ്ഞ പോലെ കഥാപാത്രങ്ങളെ മതം മാറ്റിയത് കൊണ്ടോ ഇടയ്ക്ക് ഈണത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തത് കൊണ്ടോ മാത്രം കാഴ്ച സുകൃതമാവില്ല. കേവലം എന്റര്‍ടൈംമെന്‍റ് എന്നതിനപ്പുറം സമൂഹത്തിലെ അന്ധവിശ്വാസ  - അനാചാരങ്ങള്‍ക്ക് നേരെ പോരാട്ടം നടത്താന്‍ ഈ ചാനല്‍ ഉപയോഗപ്പെടുത്തണം. ഇതിന്റെ കാഴ്ചക്കാര്‍ ഭൂരിപക്ഷവും യാഥാസ്തിക വിഭാഗക്കാര്‍ ആയിരിക്കെ വിശേഷിച്ചും. അല്ലാതെ  അന്ധവിശ്വാസങ്ങളെ പൊലിപ്പിച്ചെടുത്ത് കാശുണ്ടാക്കുന്ന 'വിശ്വസിച്ചാലും ഇല്ലെങ്കിലും' പരമ്പരക്ക് അനുകരണമുണ്ടാക്കുകയാണ് ഇതിന്റെ ദൌത്യമെങ്കില്‍ ബാക്കിആളുകള്‍ കൂടി മുടി വെള്ളവും പേറി കേരളയാത്ര നടത്തുകയാവും ഫലം. 

ധാര്‍മിക ബോധമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും ആധുനിക മാധ്യമങ്ങളെ ധാര്‍മികമായി ഉപയോഗപ്പെടുത്താന്‍ തയ്യാറായാല്‍ അനുദിനം ദുഷിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിന് ചെയ്യുന്ന വലിയൊരു സേവനമാകുമത്. കമ്പോളവല്ക്കരിക്കപ്പെടുന്ന കാഴ്ചയ്ക്ക്, അശ്ലീലവല്‍ക്കരിക്കപ്പെടുന്ന കലാരൂപങ്ങള്‍ക്ക് നന്മയുടെ, നേരിന്റെ ഭാഷ്യം ചമയ്ക്കാന്‍ ഇത്തരം ദൗത്യങ്ങള്‍ക്ക് സാധിക്കും. പുതുവര്‍ഷത്തില്‍ തുടക്കം കുറിച്ച ദര്‍ശനക്കും വരാന്‍ പോകുന്ന മാധ്യമം പത്രത്തിന്റെ മീഡിയാവണിനും ഇത്തരമൊരു മാറ്റം സാധ്യമാവട്ടെയെന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.

ഒപ്പം വായിക്കാവുന്നവ:

Saturday, December 31, 2011

മറ്റൊരു മുല്ലപ്പെരിയാര്‍ പൊട്ടാനൊരുങ്ങുന്നുണ്ട്


തടഞ്ഞു നിര്‍ത്തിയ വലിയൊരു വെള്ളക്കെട്ട് ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന ഭൂകമ്പത്തിന്റെ പ്രകമ്പനത്താല്‍ പൊട്ടിയൊലിച്ച് ഒരു ഒരു സംസ്ഥാനത്തിന്റെ വലിയൊരു പ്രദേശത്തെ തന്നെ ഇല്ലാതാക്കിയേക്കുമോ എന്ന ഭീതിയാണ് കേരളം മാസങ്ങളോളമായി പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. വ്യക്തികളും സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം സജീവമായി തന്നെ ഭീകരമായ ഈ ഭീതി പരസ്പരം പറഞ്ഞും പങ്കുവെച്ചും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. പുതിയൊരു തടയിണ നിര്‍മിച്ച് കേരളത്തിന്‌ സുരക്ഷയും തമിഴ്നാടിന് വെള്ളവും നല്‍കാമെന്ന പരിഹാര നിര്‍ദേശം ആദ്യം മുന്നോട്ടു വെച്ചവര്‍ തന്നെ പുതിയ ഡാമിന്റെ നിര്‍മാണ ചെലവും കാലവിളംബവും ചൂണ്ടിക്കാട്ടി പുതിയ ബദല്‍ നിര്‍ദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നുവെന്നതാണ് മുല്ലപ്പെരിയാര്‍ സംഭവങ്ങളുടെ പുതിയ വഴിത്തിരിവ്. എന്‍ഡോസര്ഫാന്‍ അടക്കമുള്ള വിഷയങ്ങളില്‍ കേരളം കണ്ടത് പോലെയുള്ള രാഷ്ട്രീയ കിടമത്സരമായി മുല്ലപ്പെരിയാര്‍ സമരവും രൂപ്പാന്തരപ്പെടുമ്പോള്‍, മന്ത്രിസഭയുടെ തന്നെ ഭാവി നിര്‍ണയിച്ചേക്കാവുന്ന പിറവം ഉപതെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ചാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തില്‍ സജീവമായതെന്ന പി ചിദംബരത്തിന്റെ വാക്കുകള്‍ സത്യമായിരുന്നുവെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കാര്യമെന്തായാലും മുല്ലപ്പെരിയാറിന്റെ താഴ്വാരങ്ങളില്‍ ഭൂമാഫിയകള്‍ ചുളുവിലക്ക് ഭൂമികള്‍ വാങ്ങിക്കൂട്ടി ആളുകളിലെ ഭീതി മുതലെടുക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നുവെന്നതാണ് അണപൊട്ടിയൊഴുകിയ സമരപ്രക്ഷോഭങ്ങളുടെ അനന്തരഫലം. 

കാലം രണ്ടായിരത്തി പതിനൊന്നില്‍ നിന്ന് പന്ത്രണ്ടിലേക്ക് ചുവടു വെക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനേക്കാള്‍ ദുര്‍ബലമായ, ചെറിയൊരു അപകടം പോലും താങ്ങാന്‍ ശേഷിയില്ലാത്ത മറ്റൊരു അണക്കെട്ട് പൊട്ടാനൊരുങ്ങിനില്‍ക്കുന്നത്‌ കാണാതെ പോവുന്നത് കാലങ്ങളോളം നമ്മെ ദു:ഖിപ്പിച്ചേക്കുമെന്ന് ഞാന്‍ ഭയക്കുന്നു. ഇവിടെ അണക്കെട്ടിന്റെ സ്ഥാനത്ത്‌ ഒരു മനുഷ്യനാണ്. ചോരയും നീരും വറ്റിപ്പോയ കരയാന്‍ കണ്ണുനീര്‍ പോലും ബാക്കിയില്ലാത്ത ഒരു പച്ചമനുഷ്യന്‍. വര്‍ഗീയ കോമരങ്ങള്‍ മുറിച്ചെടുത്ത ഒറ്റക്കാലുമായി അസാമാന്യ ദൈവവിശ്വാസത്തിന്റെ ബലത്തില്‍ മാത്രം ദിവസങ്ങള്‍ തള്ളി നീക്കുന്ന ആ മനുഷ്യന്റെ പേര് അബ്ദുള്‍നാസര്‍ മഅദനി എന്നാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ നാള്വഴികളില്‍ സംഭവിച്ച വലിയൊരു പുഴുക്കുത്തിന്റെ നേരടയാളമാണ് ആ മനുഷ്യന്‍. നിരപരാധിത്വത്തിന്റെ പത്തു വര്‍ഷങ്ങള്‍ ജയിലകങ്ങളില്‍ ജീവിച്ചു തീര്‍ക്കേണ്ടി വന്ന ഈ ഹതഭാഗ്യന്റെ അനുഭവങ്ങള്‍ കേരളമെന്നല്ല, ഇന്ത്യയുടെ തന്നെ സ്വൈര്യജീവിതത്തെ സാരമായി ബാധിക്കും വിധം ഒരു വിഭാഗം ജനമനസ്സുകളില്‍ അസ്വസ്ഥത പടര്‍ത്തികൊണ്ടിരിക്കുകയാണ്. വര്‍ഗീയവാദികള്‍ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദ്‌ ഇന്ത്യന്‍ മതേതരത്വത്തിന്റെ ശുഭ്രവസ്ത്രത്തില്‍ എത്രമാത്രം അഴുക്ക് പുരട്ടിയോ അതിലുമേറെ ഭീകരമായിരിക്കും ഈയൊരു മനുഷ്യന് സംഭവിച്ചേക്കാവുന്ന ചെറിയൊരു പോറല്‍ പോലും. 

സിമിയുടെയും ഇന്ത്യന്‍ മുജാഹിദിന്റെയും മൂടുപടമണിഞ്ഞു ഇന്ത്യയുടെ സമാധാന ജീവിതത്തില്‍ ഒരു പാട് സ്ഫോടനങ്ങള്‍ നടത്തി ഒടുവില്‍ മുഖം മൂടി വേര്‍പെട്ടു പോയ സംഘപരിവാര്‍ കൂട്ടങ്ങള്‍ നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് മഅദനിയും. സത്യം തേടിപ്പോയ പത്രപ്രവര്‍ത്തകയെ പോലും ഭീകര മുദ്ര ചാര്‍ത്തി പീഡിപ്പിക്കാന്‍ തയ്യാറായവരുടെ തിരക്കഥയിലെ പാത്രനിര്‍മിതികള്‍ക്ക് ചൂട്ടു പിടിക്കാനല്ലാതെ മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുന്നില്ലെന്നത് ഇന്ത്യയുടെ നല്ല ഭാവി സ്വപ്നം കാണുന്നവരെ സങ്കടപ്പെടുത്താതിരിക്കുന്നതെങ്ങിനെ! 

കേന്ദ്രമന്ത്രിസഭയില്‍ കുറെ മലയാളികളുണ്ടത്രേ! അവരില്‍ സമുദായത്തിന്റെ സ്വന്തം പ്രതിനിധി തന്നെയുണ്ടത്രേ! പക്ഷേ, അവര്‍ക്കൊന്നും മഅദനിയെ അറിയില്ല. ആലുവ കടപ്പുറത്ത്‌ കണ്ട പരിചയം പോലുമില്ല. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഈ ഒറ്റക്കാലന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം ഉളുപ്പില്ലാതെ തേടിയവര്‍ തന്നെയാണ് ഇക്കൂട്ടര്‍. അവരെ വിടാം. മറ്റൊരു കൂട്ടരുണ്ടല്ലോ, ആലുവയിലല്ല ശംഖുമുഖം കടപ്പുറത്ത്‌ വെച്ച് കെട്ടിപ്പിടിച്ചു ഉമ്മ ചൊരിഞ്ഞവര്‍. അവര്‍ക്കും മിണ്ടാട്ടമില്ല. ഒരു വീഎസുണ്ട്. മഅദനിയെ അറസ്റ്റു ചെയ്തു കൊണ്ട് പോകുമ്പോള്‍ നിസ്സഹായനായി നോക്കി നിന്നതിന്റെ പാപബോധത്താലോ മറ്റോ കര്‍ണാടക മുഖ്യമന്ത്രിക്ക് അദ്ദേഹമൊരു കത്തയച്ചിട്ടുമുണ്ട്. ഇതിനപ്പുറം കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആ മനുഷ്യന് വേണ്ടി എന്താണ് ചെയ്തത്? നല്ല കാലത്ത് റേറ്റ്‌ വര്‍ധിപ്പിക്കാന്‍ അഭിമുഖങ്ങളും സ്പെഷ്യല്‍ സ്റ്റോറികളും വാരിവിതറിയ നമ്മുടെ മാധ്യമങ്ങളോ? അഡ്വ. സെബാസ്റ്റ്യന്‍പോളും കൂട്ടരും നടത്തുന്ന നിയമപരമായ പോരാട്ടം പോലും അവര്‍ വാര്‍ത്തയാക്കാറില്ല. ഈയാവശ്യത്തിനു ഏതെങ്കിലും പള്ളി മൂലയില്‍ വെച്ച് ആരെങ്കിലും നൂറു രൂപ നല്‍കിപ്പോയെങ്കില്‍ അനധികൃത പണപ്പിരിവിനെ കുറിച്ച് നാല് കോളം വാര്‍ത്തയെഴുതാനിവര്‍ മടിക്കാറുമില്ല. 

കരിനാക്കിലൂടെ ഞാന്‍ ബ്ലോഗെഴുത്തിന്റെ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എന്റെ പ്രിയ കൂട്ടുകാരോട് ഉണര്‍ത്താനുള്ളത് ഇത് മാത്രമാണ്; പല വിഷയങ്ങളും ഏറ്റെടുത്തു വ്യാപക പ്രചരണം നടത്തി ഉറക്കം നടിച്ച മുഖ്യധാരാ മാധ്യമങ്ങളെ 'അടിച്ചുണര്‍ത്തിയ' ബൂലോകത്തിന് ഈ വിഷയത്തിലും പലതും ചെയ്യാന്‍ കഴിയും. ആ മനുഷ്യന്‍ തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. ഇല്ലെങ്കില്‍ നമ്മെ പോലെ കുടുംബവുമൊത്ത് ജീവിതത്തിന്റെ ശിഷ്ടകാലമെങ്കിലും ജീവിച്ചോട്ടെ. ഏറ്റവും ചുരുങ്ങിയത്‌ ജാമ്യമെങ്കിലും ലഭിക്കാനുള്ള സാമാന്യ അവകാശമെങ്കിലും അദ്ദേഹത്തിന് വകവെച്ചു കൊടുക്കാന്‍ വേണ്ടി മനുഷ്യാവകാശപ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടങ്ങളില്‍ നമുക്കും കണ്ണി ചേരാം. വ്യാപകമായ ഓണ്‍ലൈന്‍ പ്രചരണങ്ങളിലൂടെ വരാന്‍ പോകുന്ന വന്‍ദുരന്തത്തെ നമുക്ക് തടഞ്ഞു നിര്‍ത്താം. 


ഒപ്പം വായിക്കാവുന്നവ:
ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും
ദാ 'ഭീകരി' വരുന്നു!!
ജയില്‍ ചുമരിലെ അമ്പിളിക്കീറ്

Monday, October 17, 2011

സഖാവേ... കരയേണ്ടത് ഞങ്ങളല്ലേ!


കരച്ചില്‍ മുമ്പും കേരള രാഷ്ട്രീയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ശോഭനാ ജോര്‍ജും രാമചന്ദ്രന്‍ മാഷും ചെന്നിത്തലയുമൊക്കെ വാവിട്ടു കരഞ്ഞത്‌ ചാനലുകളായ ചാനലുകള്‍ മുഴുവന്‍ ഹാസ്യവല്‍ക്കരിച്ചപ്പോള്‍ കേരളത്തിലെ പ്രബുദ്ധ ജനതയോടൊപ്പം തലതല്ലി ചിരിച്ച കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ അവയൊക്കെയും ആസ്വദിക്കുകയായിരുന്നു. കാലം രണ്ടായിരത്തി പതിനൊന്നാമാണ്ടിന്റെ അവസാനമെത്തിയപ്പോള്‍ കഥയാകെ മാറി. ഇക്കാലമത്രയും രോഷയും പ്രതിഷേധവും മാത്രം പൊട്ടിവിരിഞ്ഞ ടി.വി. രാജേഷ്‌ എന്ന യുവസഖാവിന്റെ മുഖത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതും പിന്നെയത് പേമാരിയായി വര്‍ഷിക്കുന്നതും കണ്ട് സീരിയല്‍ കാഴ്ചകള്‍ മരുഭൂമികളാക്കിയ കണ്ണുകള്‍ പോലും തുളുമ്പിപ്പോയി എന്നത് സത്യം. ഒരു ചെറുപ്പക്കാരന്‍ പത്തിരുപത്‌ ചാനല്‍ ക്യാമറകളുടെ മുമ്പില്‍ വാവിട്ടു കരയുന്നത് കണ്ടാല്‍ ഏതു കഠോരഹൃദയമാണ് പെയ്യാതിരിക്കുക! അതും ന്യൂസ്‌ ഹവറിലും കൗണ്ടര്‍ പോയിന്റിലും ഉണ്ട ഇട്ടും ഇല്ലാതെയും വെടിയുതിര്‍ക്കുന്ന ഒരു യുവതുര്‍ക്കിയുടെ നിലവിളി കണ്ടാല്‍! 

ടി.വി. രാജേഷിന്റെ കരച്ചില്‍ നേച്വറലോ അഭിനയമോ എന്നതാവരുത്‌ നമ്മുടെ ചര്‍ച്ച. അതിന്‍റെ ഗ്രേഡിംഗ് നിര്‍ണയിക്കുന്ന ജോലി അഡ്വ. ജയശങ്കര്‍ തന്നെ നിര്‍വഹിക്കട്ടെ. പഴയൊരു നാടകനടനായ അദ്ധേഹത്തിന് ആ ജോലി വലിയ പ്രയാസമുള്ളതാകില്ല.  വാച്ച് ആന്‍ഡ്‌ വാര്‍ഡിനെ തല്ലിയോ തള്ളിയോ എന്നതുമല്ല പരമപ്രധാന ചര്‍ച്ച. തല്ലിയാലും തല്ലാന്‍ ഓങ്ങിയാലും അതിലൂടെ വ്യക്തമാകുന്ന  നമ്മുടെ ജനപ്രതിധികളുടെ നിലവാരത്തകര്‍ച്ചയാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. തടിമിടുക്കുള്ള ഫയല്‍മാന്‍മാരായത് കൊണ്ടാണോ നാമിവരെ നിയമസഭയിലേക്ക് പറഞ്ഞയക്കുന്നത്? അതല്ല, നാടിന്റെ വികസനത്തിന്‍റെ പാതയില്‍ വഴിമുടക്കികളാവുന്ന ഫയലുകളിലെ നൂലാമാലകള്‍ അഴിച്ചെടുക്കാന്‍ കഴിവുള്ളവരായത്‌ കൊണ്ടോ? എസ് എഫ് ഐ നടത്തിയ സമരത്തിന്റെ ന്യായത്തെ ചോദ്യം ചെയ്യാന്‍ ഞാനാളല്ല. പക്ഷെ, അവിടെ നടന്ന അക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനുമാവില്ല. വിദ്യാര്‍ഥി സമരമെന്നാല്‍ അടിച്ചു പൊളിക്കലും കല്ലെറിയലും മാത്രമാണെന്ന് ഇതുപോലൊരു കാലത്തും എസ് എഫ് ഐയെ പോലുള്ള പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം വിശ്വസിക്കുന്നുവെന്നതാണ് കഷ്ടം. ഈ പൊളിഞ്ഞു വീഴുന്നതൊക്കൊയും നമ്മുടെ തന്നെ നികുതി പണമാണെന്ന് ഇവരെ പറഞ്ഞു പഠിപ്പിക്കാന്‍ ഇനിയേതെങ്കിലും കാറല്‍ മാര്‍ക്സ്‌ ആവതാരമേടുക്കേണ്ടതുണ്ടോ? 'ഒരു ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സഖാക്കളെ' എന്നെ അതെക്കുറിച്ച് പറയാനുള്ളൂ. ഒരു സര്‍ഗാത്മക വിദ്യാര്‍ഥി മുന്നേറ്റത്തിന് ചെങ്കൊടിയേന്താന്‍ നിങ്ങള്‍ക്ക് കഴിയാത്തിടത്തോളം കാലം നിങ്ങള്‍ നയിക്കുന്ന ഒരു സമരത്തിനും ജനപിന്തുണ ലഭിച്ചുകൊള്ളണമെന്നില്ല എന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ. 

ഇനിയുള്ളത് പിള്ളയാണ്; ചന്തപ്പറമ്പിലെ കളിത്തോക്ക്‌ പോലെ സര്‍വീസ്‌ റിവോള്‍വറിനെ മനസ്സിലാക്കിയ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള. ഇതിലും എത്രയോ അക്രമാസക്ത സമരങ്ങള്‍ കേരളം കണ്ടതാണ്. അന്നൊന്നും ഇത്ര ലാഘവത്തോടെ സമരക്കാരുടെ തലയ്ക്കു നേരെ ഒരു പോലീസുകാരനും വെടി പൊട്ടിച്ചത്‌ നാം കണ്ടിട്ടില്ല; കൂത്തുപറമ്പും കാസര്‍ഗോഡും ബീമാപള്ളിയുമൊന്നും മറന്നു കൊണ്ടല്ല ഇത് പറയുന്നത്. അവയൊക്കെയും വാദത്തിനു വേണ്ടി ന്യായീകരിച്ചാല്‍ പോലും അതിന്‍റെ അടുത്തുപോലും എത്തില്ല കോഴിക്കോട്‌ സംഭവം. പിള്ളയ്ക്ക് ഉന്നം പിഴച്ചത് ഭാഗ്യമെന്നേ പറയേണ്ടൂ. മുമ്പേതോ പുലിയെ ഉന്നം തെറ്റാതെ വെടിവെച്ചു കൊന്ന ചരിത്രമുള്ള പിള്ളയുടെ 'കഴിവ്' കോഴിക്കോട് നാലുവട്ടം കാഞ്ചി വലിച്ചിട്ടും തെളിയിക്കാനാവാതെ പോയതിന് ദൈവത്തെ സ്തുതിക്കാം. ഇവിടെയും എനിക്ക് രണ്ടഭിപ്രായമില്ല. പിള്ള തന്നെയാണ് പുള്ളി.  യു ഡി എഫിനെ ഇനിയുമൊരു പിള്ളയെ താങ്ങാനാവാത്ത വിധം പ്രതിരോധത്തിലേക്ക് നീക്കിയ ഈ സംഭവത്തില്‍ കൃത്യതയോടെയും അവധാനതയോടെയുമുള്ള നീക്കങ്ങളായിരുന്നു പ്രതിപക്ഷം നടത്തിയിരുന്നതെങ്കില്‍ വാദി ഭാഗത്ത്‌ നിന്നും പ്രതിപ്പട്ടികയിലേക്ക് പേര് മാറ്റിയെഴുതെണ്ടി വരുമായിരുന്നില്ല. രണ്ടു ദിവസത്തേക്കായാല്‍ പോലും രണ്ടു എംഎല്‍എമാരെ സസ്പെന്‍ഡ്‌ ചെയ്യേണ്ടി വരുമായിരുന്നില്ല.

പ്രതിഷേധങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയത്‌ നിയമസഭയിലെങ്കിലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം. ജസ്റ്റിസ്‌ രാജേന്ദ്ര ബാബു നല്‍കിയ ശമ്പള വര്‍ധന റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേരളം കാണാന്‍ പോകുന്ന ഒരുമയൊന്നും എല്ലാ കാര്യത്തിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിയമസഭയെന്നാല്‍ തല്ലാനും ചവിട്ടാനും ചവിട്ടു നാടകമാടാനും ഒടുവില്‍ പൊട്ടിക്കരയാനും ഒരു റിയാലിറ്റി ഷോ വേദിയല്ല എന്നെങ്കിലും ബഹുമാനപ്പെട്ട സ്പീക്കര്‍ ഒരു റൂളിംഗ് നല്‍കണം. എലിപ്പനിയും ഡങ്കിപ്പനിയും വന്നു തളര്‍ന്നു പോയവരെ കൈപിടിച്ചുയര്‍ത്താതെ, നമ്മുടെ ചികില്‍സാ കേന്ദ്രങ്ങളിലെ അസൗകര്യങ്ങളും അഴിമതികളും തുടച്ചു മാറ്റാതെ, കേരളത്തെ പുനര്‍ സൃഷ്ടിക്കാനുള്ള വഴി തേടാതെ ഇനിയും നിയമസഭയുടെ അകത്തളത്ത് മാമാങ്കം നടത്താനാണ് പുറപ്പാടെങ്കില്‍ പ്രിയ ഭരണക്കാരെ, സഖാക്കളേ... പൊട്ടിക്കരയുന്നത് ഞങ്ങള്‍ കേരളീയരാവും. നിഷേധ വോട്ട് ചെയ്യാനും പ്രതിനിധികളെ തിരിച്ചുവിളിക്കാനും വഴിയില്ലാത്ത കാലത്തോളം ഈ ജനാധിപത്യ രാഷ്ട്രത്തില്‍ ഞങ്ങള്‍ക്കതിനല്ലേ കഴിയൂ!

Wednesday, October 12, 2011

മലയാളിയില്‍ നിന്നും കൊലയാളിയിലേക്കുള്ള ദൂരം


ബീഹാറില്‍ കേട്ട വാര്‍ത്തകള്‍ കേരളത്തിലും കേള്‍ക്കേണ്ടി വരുന്ന ദുര്യോഗത്തിലാണ് നാം. തറയും പറയും കൂട്ടിയെഴുതി നൂറു ശതമാനം സാക്ഷരതയുടെ തൊപ്പിയണിഞ്ഞ് തലയുയര്‍ത്തി നടക്കവേ, ജന്മസിദ്ധമായി നമുക്ക് ലഭിച്ച പ്രതികരണ ശേഷി അതിന്റെ പൈശാചിക മുഖം പുറത്തെടുക്കുന്ന ഭീകര കാഴ്ചയാണ് പെരുമ്പാവൂര്‍ ബസ്സ്റ്റാന്‍ഡില്‍ നാം കണ്ടത്‌. മലയാളി ഇപ്പോള്‍ അങ്ങനെയാണ്. ജനാധിപത്യ വ്യവസ്ഥയിലെ ഉടയതമ്പുരാനായി പൗരന്മാര്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ നിയമവും നീതിയും തീരുമാനിക്കപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും തെരുവിലും ബസ്റ്റാന്റിലുമാവുന്നതില്‍ അത്ഭുതപ്പെടാനില്ല. അത്തരം നാട്ടുകൂട്ടങ്ങളില്‍ കുറ്റാരോപിതനെ തല്ലിക്കൊല്ലാന്‍ നേതൃത്വം കൊടുക്കുന്നത്, ഗുണ്ടാ രാഷ്ട്രീയത്തിന്‍റെ തലതൊട്ടപ്പനെന്നു സ്വന്തം പാര്‍ട്ടി നേതാവ് തന്നെ വിശേഷിപ്പിച്ച മാന്യന്റെ ഗണ്‍മാന്‍ തന്നെയാവുമ്പോള്‍ പ്രത്യേകിച്ചും! ഏതെങ്കിലും തെരുവില്‍ ഒരു യാത്രക്കാരിയുടെ മാല നഷ്ടപ്പെട്ടാല്‍ നാം ആദ്യം തെരയുന്നത് ബസ്റ്റോപ്പിന്‍റെ തിണ്ണയില്‍ പനിച്ചു വിറച്ചു ചുരുണ്ടു കൂടി കിടക്കുന്ന 'അണ്ണാച്ചി'യെയാവും. കുറ്റാരോപണവും ചോദ്യം ചെയ്യലും ശിക്ഷ വിധിക്കലും നടപ്പാക്കലുമൊക്കെ പിന്നെ ഞൊടിയിടയില്‍ നടന്നിരിക്കും. അത്രയും നാള്‍ ജലപാനം കഴിക്കാതെ എലിപ്പനി പിടിച്ച് ചാക്ക് മൂടി കിടന്നുറങ്ങിയ പാവത്തെ തിരിഞ്ഞു നോക്കാത്തവര്‍ പോലും ഒന്ന് കൈവലിക്കാന്‍ കിട്ടിയ സന്ദര്‍ഭം പരമാവധി ഉപയോഗപ്പെടുത്തും. പലപ്പോഴും ഇതിനു മുന്നിലുണ്ടാവുന്ന ജനകീയ പോലീസിന്റെ അടിവസ്ത്രത്തിനടിയില്‍ കിടക്കുന്ന മാലയ്ക്ക് ശ്വാസം മുട്ടുന്നുണ്ടാവും!

രഘു നിരപരാധിയാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. രഘുവിനെ അറിയുന്നവര്‍ അവന്റെ സത്യസന്ധമായ ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്നുന്നു. പതിനാറാം വയസ്സ് മുതല്‍ സ്വന്തം കരം കൊണ്ട് അധ്വാനിച്ചു ജീവിക്കുന്ന ആ ചെറുപ്പക്കാരനെ തല്ലിക്കൊല്ലാനായി പടനയിച്ചവരില്‍ എത്രപേര്‍ക്ക് സ്വന്തം ജീവിതത്തെ കുറിച്ച് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ലഭിക്കും? നേരം വെളുത്താല്‍ ബസ്സ്റ്റാന്‍ഡിലെത്തി ലോട്ടറി സ്റ്റാളിന്റെ മുന്നില്‍ ചുറ്റിത്തിരിഞ്ഞ് ചുണ്ടിനടിയില്‍ ശംഭുവും തിരുകി പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കി നടക്കുന്ന എത്ര മാന്യന്മാര്‍ ഈ പാവത്തിന്റെ ജീവനെടുക്കാന്‍ കൂട്ടുനിന്നിരിക്കും! അന്യായം കണ്ടാല്‍ ചോദ്യം ചെയ്യേണ്ടെന്നോ പ്രതികരിക്കേണ്ടതില്ലെന്നോ അല്ല പറഞ്ഞു വരുന്നത്. അന്യായം കാണുമ്പോള്‍ തടയാനും ചോദ്യം ചെയ്യാനും കാണിക്കുന്ന ധീരത സത്യസന്ധമായിരിക്കണം. അല്ലാതെ ഇത്തരം സന്ദര്‍ഭങ്ങള്‍ കൈത്തരിപ്പ് തീര്‍ക്കാന്‍ കിട്ടുന്ന സുവര്‍ണാവസരമായി മനസ്സിലാക്കി കുറ്റാരോപിതരെ തല്ലികൊല്ലാന്‍ തുടങ്ങിയാല്‍ കേരളത്തെ പണ്ട് വിവേകാനന്ദന്‍ വിളിച്ച പേര് തന്നെ വിളിക്കേണ്ടി വരും. 

ഇത്തരം കൈയേറ്റങ്ങളും അക്രമങ്ങളും കേവലം മോഷണ - പോക്കറ്റടി സമയങ്ങളില്‍ മാത്രമല്ല മലയാളികള്‍ പുറത്തെടുക്കാറുള്ളത്‌. ഏതെങ്കിലും വാഹനം അപകടത്തില്‍ പെട്ടാലും നമ്മുടെ ധാര്‍മിക രോഷം അണപൊട്ടിയൊഴുകാറുണ്ട്. നമ്മുടെ നാട്ടില്‍ ഡ്രൈവിംഗ് നിമയത്തിലെ ഒരു അലിഖിത നിയമം ഇതാണ്; വണ്ടിയെങ്ങാന്‍ അപകടത്തില്‍ പെട്ടാല്‍ വാഹനം ഇടിച്ച വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നില്‍ക്കാതെ ധരിച്ചിരിക്കുന്ന യൂണിഫോം വലിച്ചൂരി അടുത്തുള്ള പോലീസ്‌ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഇറങ്ങി ഓടണം! ഇതിനു വേണ്ടി യൂണിഫോമിന്റെ അടിയില്‍ മറ്റൊരു ഷര്‍ട്ട് ധരിക്കുന്ന പതിവ് പോലും നമ്മുടെ നാട്ടിലുണ്ട്! മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ അനാവശ്യ പഴി കേള്‍ക്കേണ്ടി വരുന്ന ഗള്‍ഫു നാടുകള്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ടും നമ്മളേക്കാള്‍ മുന്നിലാണ്. അപകടം നടന്നാല്‍ വണ്ടി നിര്‍ത്തി പുറത്തു വന്നു ഹസ്തദാനം നടത്തി അഭിവാദ്യം ചെയ്തു കുറ്റം ഏറ്റുപറയുന്ന അവസ്ഥ നമുക്കൊന്നും സ്വപ്നം കാണാന്‍ പോലും കഴിയില്ല. രസകരമായത്‌, എയര്‍പോര്‍ട്ടിലേക്ക് പോകും വഴി സ്വന്തം വണ്ടിയെ മറ്റൊരു വണ്ടി ഉമ്മ വെച്ചതിന് തമ്മില്‍ തെറി വിളിച്ചവന്‍ ഗള്‍ഫിലെത്തി എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു പോകുമ്പോള്‍ നേരത്തെ നടന്ന സംഭാവമെങ്ങാന്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കാണിക്കുന്ന ക്ഷമയും മര്യാദയുമാണ്! വണ്ടികള്‍ ചെറുതായി ഒന്ന് ഉരസിപ്പോയാല്‍ ഭരണിപ്പാട്ട് പാടുന്ന മലയാളികള്‍ അവരുടെ മുമ്പില്‍ തീരെ ചെറുതായി പോകുന്നത് എന്ത് കൊണ്ടാണ്? അവിടങ്ങളില്‍ ഒരു പോലീസ്‌ സംവിധാനമുണ്ടെന്നും അവര്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്നും വാഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അതാത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആവശ്യമായ നഷ്ടപരിഹാരം തരുമെന്നും ഉറപ്പുള്ളതു കൊണ്ട് അവിടെ എത്തപ്പെടുന്ന ആളുകള്‍ കാര്യങ്ങള്‍ നിയമ വ്യവസ്ഥക്ക് വിട്ടു കൊടുക്കുന്നു. നമ്മുടെ നാട്ടിലോ? ഒരു അപകടം നടന്നാല്‍ പോലീസ്‌ കേസും ഇന്‍ഷൂറന്‍സും എങ്ങനെ ഒഴിവാക്കാം എന്നതാവും നമ്മുടെ ചിന്ത. അതുകൊണ്ട് തന്നെ ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും അതിനു പുറകെ അനവധി മധ്യസ്ഥ ചര്‍ച്ചകളും നടത്തേണ്ടി വരുന്നു. നിയമ വ്യവസ്ഥയിലെ അനാവശ്യ കാലവിളംബവും നൂലാമാലകളും തീരാത്ത കാലത്തോളം നമ്മള്‍ മലയാളികള്‍ ഇങ്ങനെ തന്നെയൊക്കെയായിരിക്കുമെന്ന് ചുരുക്കം! 

പറഞ്ഞുവന്നത് രഘുവിനെ കുറിച്ചാണ്. ഇനി നമ്മുടെ പത്രത്താളുകളില്‍ ഇങ്ങനെയൊരു വാര്‍ത്ത ആവര്‍ത്തിക്കപ്പെട്ടു കൂടാ. കുറ്റവാളികള്‍ എത്ര ഉന്നതരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പ്രസവിച്ചത്‌ കാളയോ പശുവോ എന്ന് ഉറപ്പു വരുത്തുന്ന ശീലം സമൂഹത്തില്‍ വളര്‍ത്തിയെടുക്കുന്ന വിധം മാതൃകാപരമായ ശിക്ഷ!
Related Posts Plugin for WordPress, Blogger...

ShareThis

കൂടെയുള്ളവര്‍